ഭീമനടി: കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടയിലും ക്ഷീരമേഖലയിൽ തുടരുന്ന കർഷകരോട് ക്ഷേമനിധി ബോർഡ് പെൻഷന്റെ കാര്യത്തിലും അധികൃതർ അനീതി കാട്ടുന്നതായി പരാതി. ഒരംഗത്തിന് മറ്റേതെങ്കിലും പെൻഷനോ ക്ഷേമനിധി ആനുകൂല്യമോ ലഭിച്ചിരുന്നാലും ക്ഷീരകർഷക ക്ഷേമനിധി ബോർഡ് പെൻഷൻ ലഭിക്കുന്നതിന് യാതൊരു തടസവും ഉണ്ടായിരിക്കുന്നതല്ലെന്നാണ് ഇതുസംബന്ധിച്ച് 2006ലെ ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇതിനുശേഷം ധനകാര്യവകുപ്പ് 2020ൽ പുറത്തിറക്കിയ ഉത്തരവിന്റെ പേരിൽ ക്ഷീരകർഷകർക്ക് ഈ ആനുകൂല്യം നിഷേധിക്കുകയാണെന്നാണ് പരാതി.
2017 ഫെബ്രുവരി ആറിനുമുമ്പ് സാമൂഹ്യസുരക്ഷാ പെൻഷനും ക്ഷീരകർഷക ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങിയിരുന്നവർക്കു മാത്രമാണ് രണ്ടു പെൻഷനും ഒരുമിച്ചു ലഭിക്കാൻ അർഹതയുള്ളതെന്നാണ് നർക്കിലക്കാട്ടെ കർഷകനായ തോമസ് പുളിക്കലിന് വിവരാവകാശനിയമപ്രകാരം ധനകാര്യവകുപ്പിൽനിന്ന് ലഭിച്ചിരിക്കുന്ന മറുപടി.
ഈ തിയതിക്കു ശേഷം ക്ഷീരകർഷക ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നത് സർക്കാരിന്റെ ധനസഹായത്തോടുകൂടിയായതിനാൽ ഇതിനു ശേഷം പെൻഷൻ അനുവദിക്കപ്പെട്ടവർക്ക് രണ്ടു പെൻഷനും ഒരുമിച്ചു ലഭിക്കാൻ അർഹതയുണ്ടാവില്ലെന്നാണ് വിശദീകരണം.
എന്നാൽ തനതുഫണ്ട് ഉപയോഗിച്ച് പെൻഷൻ നൽകുന്ന മറ്റു ക്ഷേമനിധി ബോർഡുകളിലെ അംഗങ്ങൾക്ക് രണ്ടു പെൻഷനും ഒരുമിച്ചു വാങ്ങാൻ തുടർന്നും അർഹതയുണ്ടാകും. ഫലത്തിൽ ക്ഷീരകർഷക ക്ഷേമനിധി ബോർഡിന് തനതുഫണ്ട് ഇല്ലാത്തതിന്റെ പാപഭാരം കൂടി കർഷകർക്കുമേൽ ചുമത്തുകയാണെന്നാണ് കർഷകരുടെ പരാതി.
തോമസിന്റെ ഭാര്യ നർക്കിലക്കാട് ക്ഷീരസംഘത്തിലെ അംഗമായ മേരി തോമസിന് കഴിഞ്ഞവർഷം ഒക്ടോബർ മുതൽ ക്ഷീരകർഷക ക്ഷേമനിധി ബോർഡ് പെൻഷൻ ലഭിക്കാൻ അർഹതയുണ്ടായിരുന്നു. എന്നാൽ നാളിതുവരെയായിട്ടും പെൻഷൻ തുക കിട്ടാതായതോടെയാണ് ഇവർ വിവരാവകാശ നിയമപ്രകാരം ക്ഷേമനിധി ബോർഡിനെയും ധനകാര്യവകുപ്പിനെയും സമീപിച്ചത്.
എന്നാൽ വെസ്റ്റ് എളേരി കൃഷിഭവനിൽനിന്ന് കർഷക പെൻഷൻ ലഭിക്കുന്നവരുടെ പട്ടികയിൽ ഇവരുടെ പേര് ഉൾപ്പെട്ടിട്ടുള്ളതിനാൽ ക്ഷീരകർഷക ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്.
പ്രതികരണം
വിരമിച്ച ഉദ്യോഗസ്ഥരും മുൻ ജനപ്രതിനിധികളും അവരുടെ കുടുംബാംഗങ്ങളും കൂടിയ തുകയുടെ ഒന്നിലധികം പെൻഷനുകൾ ഒരേസമയം കൈപ്പറ്റുമ്പോഴാണ് ക്ഷീരകർഷകർക്ക് ലഭിക്കേണ്ട തുച്ഛമായ തുകയുടെ പെൻഷൻപോലും സർക്കാർ നിബന്ധനയുടെ പേരിൽ തടയുന്നത്. ” “വിരമിച്ച ഉദ്യോഗസ്ഥരും മുൻ ജനപ്രതിനിധികളും അവരുടെ കുടുംബാംഗങ്ങളും കൂടിയ തുകയുടെ ഒന്നിലധികം പെൻഷനുകൾ ഒരേസമയം കൈപ്പറ്റുമ്പോഴാണ് ക്ഷീരകർഷകർക്ക് ലഭിക്കേണ്ട തുച്ഛമായ തുകയുടെ പെൻഷൻപോലും സർക്കാർ നിബന്ധനയുടെ പേരിൽ തടയുന്നത്.
തോമസ് പുളിക്കൽ(കർഷകൻ, നർക്കിലക്കാട്)